ഭുവനേശ്വര്‍: കരയില്‍ നിന്നും കരയിലേക്ക് അയക്കാവുന്ന ‘പ്രളയ്’ എന്ന ഭൂതല ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. നുഴഞ്ഞുകയറ്റവും കടന്നു കയറ്റവും ശീലമാക്കിയ പാക്, ചൈനീസ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് രാജ്യം. മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചുവെന്ന് ഡിആര്‍ഡിഒ അധികൃതരാണ് അറിയിച്ചത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ മിസൈലിന് 150 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരത്തിലുളള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയും. 500 മുതല്‍ 1000 കിലോ വരെ പേലോഡ് ശേഷിയുമുണ്ട്. ഇന്ന് രാവിലെ 10.30ന് എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആര്‍ഡിഒയെയും മിസൈല്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചവരെയും അഭിനന്ദിച്ചു.
ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ തകര്‍ക്കാന്‍ പ്രാപ്തിയുളള അര്‍ദ്ധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. ലക്ഷ്യത്തിലേക്കുള്ള നിശ്ചിത ദൂരം പോയ ശേഷം ദിശമാറ്റാനുളള കഴിവും ഈ മിസൈലിനുണ്ട്. പൃഥ്വി ഡിഫന്‍സ് വെഹിക്കിളിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

