ഡിസിസി പുന:സംഘടന; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാന്‍ കെ. സുധാകരന്റെ തീരുമാനം

തിരുവനന്തപുരം: കെ. സുധാകരനുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ കോണ്‍ഗ്രസ് പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതില്‍ സഹകരിക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തയ്യാറായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇരു നേതാക്കളെയും വിശ്വാസത്തിലെടുക്കാന്‍ ശ്രമം നടത്തി. ഇരു നേതാക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന പ്രധാനപ്പെട്ടവരുമായും ഇവര്‍ ആശയവിനിയമം നടത്തി.

പുനഃസംഘടനക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞു. നിര്‍ദേശങ്ങള്‍ അഞ്ചംഗ സമിതി പരിശോധിക്കുകയും കരട് മാര്‍ഗരേഖ തയാറാക്കുകയും ചെയ്തു. ഇതിനു കെപിസിസിയുടെ അംഗീകാരം ലഭിച്ചാല്‍ ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലെത്തി എത്രയും വേഗം ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കൈമാറാന്‍ ആവശ്യപ്പെടും. പട്ടിക വേഗത്തില്‍ കെപിസിസി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും സംബന്ധിച്ച ശുപാര്‍ശ ഒരാഴ്ചക്കുള്ളില്‍ ജില്ലകളില്‍ നിന്നു ലഭിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു.