രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കുന്നതിനെ എതിര്‍ത്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. പ്രായം ഉയര്‍ത്തുന്നതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും’ യെച്ചൂരി വ്യക്തമാക്കി. വിവാഹപ്രായം 21 ആകുന്നത് സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്തെ പോഷകാഹാര പ്രശ്‌നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇത്തരം നീക്കങ്ങള്‍ ഗുണം ചെയ്യില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെയും ഭൂരിപക്ഷ നിലപാട്. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന് പുറകില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ്, സിപിഐഎം, സിപിഐ എന്നീ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

