തിരുവനന്തപുരം: പുത്തന്‍ പദ്ധതികളുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്ത് 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 405 പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതിന് വേണ്ടിയുള്ള പ്രോജക്ട് സംവിധാനങ്ങള്‍ റിയാബിന് കീഴില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 9000 കോടി രൂപയാണ് പദ്ധതികളുടെ നടത്തിപ്പിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് അടക്കം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
അതേസമയം, ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികളെ പ്രതിരോധിക്കാനുള്ള നീക്കവും സംസ്ഥാനം തുടങ്ങിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ 100 ശതമാനം ഓഹരി വില്‍ക്കുന്നതിന് താത്പര്യ പത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പരസ്യം നല്‍കിയിരുന്നു. കേന്ദ്ര നീക്കത്തിനെതിരെ സംയുക്ത തൊഴിലാളി സംഘടനയും പ്രതിഷേധത്തിലാണ്.

