ഒമിക്രോണ്‍: ഇന്ത്യയില്‍ പ്രതിദിന കണക്കുകള്‍ 14 ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വളരെ വേഗത്തില്‍ നടക്കുന്നുണ്ടെന്നും പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വര്‍ദ്ധിച്ചേക്കാമെന്നും സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

‘യുകെയിലെ സമാനമായ വ്യാപനം ഇവിടെയും ഉണ്ടാവുകയാണെങ്കില്‍, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാം. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം’, കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി.കെ.പോള്‍ പറഞ്ഞു.
88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2.4 ശതമാനം ഒമിക്രോണ്‍ കേസുകളാണ്.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍, തിരക്ക്, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.