ഒപി തുടങ്ങിയില്ലെന്ന് മാത്രമല്ല ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൂട്ട സ്ഥലംമാറ്റം

കാസര്‍ഗോഡ്: ജില്ലയിലെ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൂട്ട സ്ഥലം മാറ്റം. നവംബര്‍ 27ന് പുറത്തു വന്ന ഉത്തരവിലാണ് പതിനൊന്ന് നഴ്‌സുമാരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവില്‍ രണ്ട് ഹെഡ്‌നേഴ്‌സുമാരെ ഉള്‍പ്പടെ 17 പേരെ കൊല്ലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് റേഡിയോ ഗ്രാഫര്‍മാര്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ആറ് ഡോക്ടര്‍മാരേയും വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി. മറ്റ് ഡോക്ടര്‍മാര്‍ക്ക് അടുത്ത് തന്നെ ഉത്തരവ് ലഭിക്കുമെന്ന അനൗദ്യോഗിക അറിയിപ്പും കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ മാസം പതിനെട്ടിന് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ മാസം ആദ്യം ഒപി വിഭാഗം പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ആരോഗ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, ഇതുവരെ ഒപി തുടങ്ങിയില്ലെന്ന് മാത്രമല്ല, മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ്.

മെഡിക്കല്‍ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരേയും വര്‍ക്കിംഗ് അറേജ്‌മെന്റ് എന്ന പേരില്‍ കൂട്ട സ്ഥലംമാറ്റം നടത്തിയത്. ഇതോടെ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം വളരെ കുറഞ്ഞു.