കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും ഓഫീസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളില്‍ കേരളത്തിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളതിന്റെ രേഖകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയില്‍ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയില്‍ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച ഡിജിറ്റല്‍ രേഖകളടക്കം ഓഫീസുകളില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പില്‍ പോപ്പുലര്‍ഫ്രണ്ട് ഡിവിഷനല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമര്‍ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിക്കുകയും സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

