ബലരാംപുര്‍: ഇന്ത്യയെ ഞെട്ടിച്ച ഹെലികോപ്ടര്‍ ദുരന്തത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ഓരോ രാജ്യസ്‌നേഹിക്കുമുണ്ടായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ധീരനും കഠിനാധ്വാനിയുമായ ബിപിന്‍ റാവത്ത് രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാന്‍ പ്രയത്‌നിച്ച ആളാണ്, രാജ്യം അതിന് സാക്ഷിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു സൈനികന്‍ അയാള്‍ പട്ടാളത്തില്‍ ജോലി ചെയ്യുന്ന കാലത്ത് മാത്രമല്ല സൈനികനായിരിക്കുന്നത്, ജീവിച്ചിരിക്കുന്നടുത്തോളം കാലം അയാള്‍ യോദ്ധാവ് തന്നെയാണ്. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി തന്റെ ഓരോ നിമിഷവും മാറ്റിവെക്കുന്നവനാണ് സൈനികന്‍. ജനറല്‍ ബിപിന്‍ റാവത്ത് ഇപ്പോള്‍ എവിടെയായിരുന്നാലും വരും നാളുകള്‍ ഭാരതം മുന്നോട്ട് കുതിക്കുന്നത് അദ്ദേഹത്തിന് കാണാനാകും. രാജ്യം അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു, പക്ഷേ മുന്നോട്ടുള്ള യാത്രയില്‍ നമ്മള്‍ നിന്നുപോകില്ല. ഇന്ത്യ മുന്നോട്ട് പോകുക തന്നെ ചെയ്യും, നമ്മള്‍ ഭാരതീയര്‍ ഒന്നിച്ചു നിന്ന് പ്രതിബന്ധങ്ങളെ അതിജീവിക്കും, അത് രാജ്യത്തിന് അകത്തു നിന്നുള്ളതായാലും പുറത്ത് നിന്നുള്ളതായാലും. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മോദി പറഞ്ഞു.
ബലരാംപൂരില്‍ സരയു നുഹാര്‍ ജലസേചന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗ്രൂപ്പ് ക്യാപ്റ്റര്‍ വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ പരിശ്രമിക്കുകയാണെന്നും താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ സൈനികന്റെയും കുടുംബത്തോടൊപ്പം രാജ്യം മുഴുവന്‍ കൂടെ ഉണ്ടെന്നും മോദി വ്യക്തമാക്കി.

