തിരുവനന്തപുരം: സംസ്ഥാനത്ത് നിയമിക്കുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ എണ്ണം പര്യാപ്തമല്ലെന്നും പി ജി ഡോക്ടര്‍മാര്‍ മാത്രമായി ആയിരം പേരുടെ കുറവുണ്ടെന്നും കെഎംപിജിഎ. ആ സാഹചര്യത്തില്‍ പകരം നല്‍കുന്നത് 373 പേരെ മാത്രമാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രിയെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് സംഘടന.
സമരം ശക്തമാക്കാനാണ് പി ജി ഡോക്ടര്‍മാരുടെ തീരുമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയോഗിക്കുന്നത് 50 പേരെ മാത്രമാണ്. 4% സ്റ്റൈപ്പന്‍ഡ് വര്‍ധനവ് ഉറപ്പ് 4 മാസം മുന്‍പ് നല്‍കിയതാണെന്നും സമരക്കാന്‍ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് ഒഴികെ എല്ലാ ചികിത്സ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള പിജി ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസവും തുടരുകയാണ്. എന്നാല്‍, സമരം തുടര്‍ന്നാല്‍ പ്രതിസന്ധിയാകുമെന്നാണ് മെഡിക്കല്‍ കോളേജുകളിലെ വിലയിരുത്തല്‍.
അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായ, നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. തിങ്കളാഴ്ചയാണ് ഇതിനായുള്ള അഭിമുഖം നടക്കുക. ജോലിഭാരം കുറ്ക്കാന്‍ 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടര്‍മാര്‍ നിലവില്‍ സമരവുമായി മുന്നോട്ടു പോവുന്നത്.

