തിരുവനന്തപുരം: കെ റെയിലിനെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പെരിയാറില്‍ നിലവില്‍ അപകടകരമായ സാഹചര്യമാണുള്ളത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് വേദനാജകമെന്നു പറഞ്ഞ് സര്‍ക്കാര്‍ സ്വയം തൃപ്തിയടയുകയാണ്.
രാത്രി കാലങ്ങളില്‍ വെള്ളം തുറന്നുവിടാന്‍ പാടില്ലെന്ന്, കേരളത്തിന്റെ പ്രതിനിധി കൂടി അംഗമായ മേല്‍നോട്ട സമിതിയില്‍ ധാരണയുണ്ട്. അതിനു വിരുദ്ധമായാണ് രണ്ടു മാസമായി തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദങ്ങളെല്ലാം ദുര്‍ബലമായിരിക്കുകയാണ്. സ്റ്റാലിന് കത്തെഴുതി വാര്‍ത്ത നല്‍കിയാല്‍ തന്റെ ദൗത്യം അവസാനിച്ചെന്ന നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി. ഇതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്നാടുമായി സംസാരിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ വീട്ടില്‍ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്-സതീശന്‍ കുറ്റപ്പെടുത്തി.

