കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇടുക്കി, മൂവാറ്റുപുഴ, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇ.ഡി അധികൃതര്‍ റെയ്ഡ് നടത്തുന്നത്.
മലപ്പുറത്ത് പരിശോധന നടന്ന എരമംഗലത്തും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്റ് റസാഖ് കുറ്റിക്കാടന്റെ വീട്ടിലായിരുന്നു റെയ്ഡ്. കണ്ണൂരില്‍ റെയ്ഡ് നടക്കുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം നടത്തി. ഇവിടെ നിരവധി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പരിശോധന്ക്കായാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് വിവരം.
റെയ്ഡിന്റെ കാരണം ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ഡല്‍ഹി കലാപങ്ങള്‍ക്ക് പുറമെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണിതെന്നാണ് സൂചന. രാവിലെ 10.30ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അതേസമയം, പലയിടത്തും പ്രവര്‍ത്തകരും പൊലീസും ഇ.ഡി ഉദ്യോഗസ്ഥരുമായും തര്‍ക്കവും വാക്കേറ്റവുമുണ്ടായി.

