വാട്‌സ്ആപ്പില്‍ കിടിലന്‍ മാറ്റം; വോയിസ് മെസേജുകള്‍ക്ക് ഇനി വേവ്‌ഫോം

വാട്‌സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് വോയിസ് മെസേജുകള്‍. വോയിസ് മെസേജുകള്‍ക്ക് പുതിയ വോയിസ് വേവ്‌ഫോം ഡിസൈന്‍ അവതരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാബീറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ആന്‍ഡ്രോയിഡ്, ഐഓഎസ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് പുതിയ അപ്‌ഡേറ്റ് ലഭിക്കുക. ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ വേവ് ഫോമില്‍ ആയിരിക്കും. അത് ലഭിക്കുന്ന ശബ്ദത്തിന്റെ മോഡുലേഷന്‍ പോലെയുണ്ടാകും. ഇപ്പോള്‍ തന്നെ വാട്ട്‌സ്ആപ്പിന്റെ ഉടമസ്ഥരായ മെറ്റയുടെ മെസഞ്ചര്‍ ആപ്പില്‍ പലര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. ഇതിന് സമാനമായിരിക്കും പുതിയ ഫീച്ചര്‍.

അതേ സമയം ഇപ്പോള്‍ തന്നെ ചില ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാധാരണ ഒരു വേവ് രീതിയില്‍ ആയിരിക്കില്ല ശബ്ദസന്ദേശങ്ങളുടെ രൂപം മാറ്റുക എന്നും കൂടുതല്‍ കളര്‍ഫുള്ളായ ഒരു ഇന്റര്‍ഫേസ് ആയിരിക്കും ഇതെന്നുമാണ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഫീച്ചര്‍ എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താകള്‍ക്ക് വോയിസ് മെസ്സേജുകള്‍ വേവ്‌ഫോമില്‍ കാണാന്‍ സാധിക്കും. എന്നാല്‍, ഫീച്ചര്‍, എനേബിള്‍ ചെയ്യാത്ത ഒരാളില്‍ നിന്നുള്ള മെസ്സേജ് വേവ്‌ഫോമില്‍ കാണാന്‍ കഴിഞ്ഞേക്കില്ല. വേവ്‌ഫോം മാത്രമല്ല വാട്‌സ്ആപ്പില്‍ കമ്പനി കൊണ്ടുവരാന്‍ പോകുന്ന പുതിയ ഫീച്ചര്‍. ചാറ്റ് ബബിളുകളെ കൂടുതല്‍ മനോഹരമാക്കാനും വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നുണ്ട്.