‘മെല്ലെ ഹോണടിക്കൂ…പിടിവീഴാന്‍ സാധ്യതയുണ്ട്!; ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: കാതുതുളക്കുന്ന ഹോണ്‍മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ ശ്രദ്ധിക്കുക…പിടി വീഴാന്‍ സാധ്യതയുണ്ട്! അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാനായി ഓപ്പേറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും. ഇനി 24 മണിക്കൂറും നീരീക്ഷണത്തിലായിരിക്കും. നിലവിലെ ഹോണുകള്‍മാറ്റി വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കുന്നത് വ്യാപകമാകുന്നതായി മോട്ടോര്‍ വകുപ്പിനും കമ്മീഷണര്‍ക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ ഡെസിബെല്‍ തുടങ്ങുന്നത്.

മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഞെട്ടിക്കുന്ന രീതിയിലാണ് ചില ഹോണുകളുടെ ശബ്ദം. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാരെ. പിന്നില്‍നിന്നുള്ള ഹോണടികേട്ട് ഇവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. തുടര്‍ച്ചയായ ഉച്ചത്തിലുള്ള ശബ്ദം മാനസിക സമ്മര്‍ദദ്ദമുണ്ടാക്കുകയും ചെയ്യും. ഹോണ്‍ മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടേത് പരിശോധിക്കും. പാര്‍ക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപ വരെ പിഴ ഈടാക്കും.

ഇരുചക്രവാഹനങ്ങള്‍ക്ക് 80 ഡെസിബെലാണു ശബ്ദപരിധി. കാറുകള്‍ക്കും പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും 82 ഡെസിബെല്‍. 4,000 കിലോക്കു താഴെയുള്ള ഡീസല്‍, പാസഞ്ചര്‍ അല്ലെങ്കില്‍ ലഘുവ്യാവസായിക വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍. 4.000-12,000 കിലോക്ക് ഇടയില്‍ ഭാരമുള്ള യാത്രാ/വ്യാവസായിക വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ എന്നിങ്ങനെയാണു പരിധി.