കോമത്ത് മുരളീധരനെതിരെ മുന്നറിയിപ്പ് നൽകി നേതാക്കൾ; സിപിഐയ്ക്കും വിമർശനം

കണ്ണൂർ: കോമത്ത് മുരളീധരനെതിരെ മുന്നറിയിപ്പ് നൽകി നേതാക്കൾ. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്നവരുണ്ടായേക്കാം. എന്നാൽ അവർ പാർട്ടിയെ ദുർബലപ്പെടുത്തരുത്. ഒരുപാട് പേർ തെറ്റ് തിരുത്തി പാർട്ടിയിൽ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവർ ദുർബലപ്പെട്ട് പോകുമെന്നും പാർട്ടിക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ പാർട്ടി വിട്ട് പോയ പലരും തിരിച്ച് വരാൻ ശ്രമിക്കുന്നുണ്ട്. മുരളിക്ക് ഇപ്പം തിരിച്ച് വരാൻ എളുപ്പമാണെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മുരളി ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എം വി രാഘവനടക്കം തെറ്റ് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ വിമർശനം ഉന്നയിച്ചു. സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ കഴിയൂ. ഗോവിന്ദൻ മാഷിന് മുരളിക്കെതിരെ വ്യക്തിപരമായി നിലപാട് സ്വീകരിക്കാൻ കഴിയില്ല. അങ്ങനെയുള്ളതല്ല ഈ പാർട്ടി ഘടന. അത്തരത്തിലുള്ള ശീലം പാർട്ടിക്കില്ല. ആന്തൂരിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചപ്പോഴാണ് മുരളിക്ക് ഉൾവിളിയുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാജന്റെ കുടുംബത്തിനൊപ്പമായിരുന്നു പാർട്ടിയെന്നും സാജന്റെ സ്വപ്നമായ കൺവൻഷൻ സെൻറർ തുറക്കാൻ ഇടപെടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലെവിടെയാണ് മുൻസിപ്പൽ കോർപറേഷന് തെറ്റ് പറ്റിയത്. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.