വാട്സ് ആപ്പ് വഴി ഇനി യൂബര്‍ ബുക്ക് ചെയ്യാമെന്ന് ഇരു കമ്പനികളുടെയും പ്രഖ്യാപനം. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം വരുന്നത്. ഉത്തര്‍പ്രദേശില്‍ ലഖ്നൗവിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. യൂബര്‍ ട്രിപ്പുകള്‍ എടുക്കുന്നത് കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗാമായാണ് പുതിയ നീക്കമെന്നാണ് യൂബര്‍ ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ നന്ദിനി മഹേശ്വരിയുടെ പ്രതികരണം.
സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമായതിനാലാണ് യൂബര്‍ സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് വ്യക്തമാക്കി.
യൂബറിന്റെ ഒഫിഷ്യല്‍ വാട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ബുക്കിങ് ഉള്ളത്. ഉടന്‍ തന്നെ മറ്റു പ്രാദേശിക ഭാഷകളും കൂട്ടിച്ചേര്‍ക്കുമെന്നും കമ്പനി അറിയിച്ചു.

