തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിവരങ്ങള്‍ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആദ്യം കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാനുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 1707 പേരാണ് ഇനി വാക്‌സിനെടുക്കാനുള്ളതെന്ന് മന്ത്രി പറഞ്ഞു. അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണുള്ളതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസരംഗത്തെ വിദഗ്ദരുമായി സംസാരിച്ചാണ് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്. മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി തന്നെ നടപ്പിലാക്കാന്‍ കഴിഞ്ഞു.ഈ മാര്‍ഗരേഖയില്‍ മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്‌സിനെടുക്കാത്ത വിഷയം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയുണ്ടാവുകയും കൂടൂതല്‍ പേര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുകയും ചെയ്തു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്‌സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകരും വാക്‌സിന്‍ എടുക്കേണ്ടവരായുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കാരണം വ്യക്തമാക്കുന്ന രേഖകള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജരാക്കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി റിസള്‍ട്ട് ഹാജരാക്കണമെന്നും മന്ത്രി അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 110
കൊല്ലം- 90
പത്തനംതിട്ട- 51
കോട്ടയം- 74
ഇടുക്കി- 43
ആലപ്പുഴ- 89
എറണാകുളം- 106
തൃശൂര്‍- 124
പാലക്കാട്- 61
മലപ്പുറം- 201
കോഴിക്കോട്- 151
വയനാട്- 29
കണ്ണൂര്‍- 90
കാസര്‍ഗോഡ്- 36

