വാട്‌സാപ്പിലൂടെ ഐപിഒ അപേക്ഷ നല്‍കാനുള്ള അവസരമൊരുക്കി വാട്‌സ്ആപ്പ്

കൊച്ചി: വിവിധ ഓഹരികളുടെ പ്രാഥമിക ഓഹരി വില്‍പനക്ക് (ഐപിഒ) അപേക്ഷ നല്‍കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും പ്രമുഖ നിക്ഷേപ സ്ഥാപനമായ അപ്‌സ്റ്റോക്‌സ് വാട്‌സാപ്പിലൂടെ അവസരം ഒരുക്കിയതായി റിപ്പോര്‍ട്ട്. അപ്‌സ്റ്റോക്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വാട്‌സാപ് ചാറ്റ് വിന്‍ഡോയില്‍ നിന്നു പുറത്തു പോകാതെ തന്നെ ഇനി മുതല്‍ ഐപിഒ അപേക്ഷ നല്‍കാന്‍ സാധിക്കുമെന്ന് അപ്‌സ്റ്റോക്‌സ് അറിയിച്ചു.

തങ്ങളുടെ യാത്രകള്‍ക്കിടയില്‍ തന്നെ നിക്ഷേപ കാര്യങ്ങള്‍ പരിശോധിക്കാനാവണം എന്നാണ് ഇന്നു നിക്ഷേപകര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ തങ്ങള്‍ അതാണു സാധ്യമാക്കുന്നതെന്നും അപ്‌സ്റ്റോക്‌സ് സഹസ്ഥാപകന്‍ ശ്രീനി വിശ്വനാഥന്‍ വ്യക്തമാക്കി. 2021 ഒക്ടോബറില്‍ മാത്രം ഒരു ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ അപ്‌സ്റ്റോക്‌സിന്റെ ആകെ നിക്ഷേപകര്‍ ഏഴു ദശലക്ഷമായി വളര്‍ന്നിട്ടുണ്ട്.

അപ്‌സ്റ്റോക്‌സിന്റെ 9321261098 എന്ന നമ്പറിലേക്ക് വാട്‌സാപ് സന്ദേശമയച്ച് ഏതു സമയത്തും ഈ സേവനങ്ങള്‍ ഉപയോഗിക്കാനാവും. ഐപിഒ അപേക്ഷകള്‍ അഞ്ചു മടങ്ങു വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് അപ്‌സ്റ്റോക്‌സിന്റെ കണക്ക് കൂട്ടല്‍.