ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്‌നാടുമാണ്. ജമ്മുകശ്മീരില്‍ 483 രൂപയും തമിഴ്‌നാട്ടില്‍ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിനം കിട്ടുന്നത്.
കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാര്‍ഷികേതര വിഭാഗത്തിലെ പുരുഷന്മാര്‍) 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇത് 315.3 രൂപയാണ്. മഹാരാഷ്ട്രയില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപ മാത്രമാണ്. വികസനത്തിന്റേയും വ്യവസായവത്കരണത്തിന്റേയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തര്‍പ്രദേശില്‍ 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയുമാണ് ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പഞ്ചാബില്‍ കര്‍ഷകതൊഴിലാളികള്‍ക്ക് 357 രൂപയും ഹരിയാണയില്‍ 384.8 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഗ്രാമീണ കാര്‍ഷിക വിഭാഗത്തിലും തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തില്‍ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് കേരളത്തില്‍ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ജമ്മുകശ്മീരില്‍ 501.1 രൂപയും തമിഴ്‌നാട്ടില്‍ 432.2 രൂപയും ലഭിക്കുന്നു. ദേശീയ ശരാശരി 309.9 രൂപയാണ്. നിര്‍മാണ മേഖലയിലും ഗ്രാമീണ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തില്‍ കേരളം തന്നെയാണ് മുന്നില്‍. 829.7 രൂപ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്‌നാട്ടില്‍ 468.3 രൂപയും മഹാരാഷ്ട്രയില്‍ 347.9 രൂപയുമാണ് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി.

