വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനികളിൽ സിഇഒമാരായി തിളങ്ങി ഇന്ത്യൻ വംശജർ. ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ നിയമിതനായതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയവരാണ് ടെക് കമ്പനികളിൽ തിളങ്ങിയ ഇന്ത്യൻ വംശജർ.
2014 നാണ് ഗൂഗിളിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ നിയമിതനായത്. തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈ ഖരഗ്പുർ ഐ.ഐ.ടി.യിൽ നിന്നാണ് ബി ടെക്ക് പാസായത്. പഠനത്തിൽ മിടുക്കനായ അദ്ദേഹം വെള്ളിമെഡലോടെയാണ് ബി.ടെക് വിജയിച്ചത്. യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് മെറ്റീരിയൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും പെൻസിൽവേനിയ സർവകലാശാലയിൽനിന്ന് എം.ബി.എയും അദ്ദേഹം നേടിയിട്ടുണ്ട്. 2004 ൽ അദ്ദേഹം ഗൂഗിളിലേക്ക് എത്തുന്നത്.
മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നിയമിതനായ ഇന്ത്യക്കാരനാണ് സത്യ നദെല്ല. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർതത്തിച്ചിട്ടുണ്ട്. ബിൽ ഗേറ്റ്സിനും സ്റ്റീവിനും ശേഷമാണ് അദ്ദേഹം മൈക്രോസോഫ്റ്റ് സിഇഒ ആയി എത്തിയത്.
ഐബിഎമ്മിന്റെ നിലവിലെ ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണയാണ് ഇന്ത്യൻ വംശജനായ മറ്റൊരു വ്യക്തിത്വം. ആന്ധ്രാപ്രദേശിൽ ജിനച്ച അദ്ദേഹം 2020 ഏപ്രിൽ മാസത്തിലാണ് ഐബിഎമ്മിന്റെ സിഇഒ ആയി തെരഞ്ഞെടുത്തത്. 2021 ജനുവരിയിൽ അദ്ദേഹം ചെയർമാൻ സ്ഥാനവും ഏറ്റെടുത്തു.
അഡോബ് ഇങ്കിന്റെ സിഇഒ ആണ് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശന്തനു നാരായൺ. കമ്പനിയുടെ പ്രസിഡന്റും സിഇഒ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ വിഎംവെയറിന്റെ പുതിയ സിഇഒ രഘു രഘുറാമാണ് മറ്റൊരു ശ്രദ്ധേയനായ വ്യക്തിത്വം. 2003 ൽ കമ്പനിയിലെത്തിയ അദ്ദേഹം നേരത്തെ എഒഎൽ, ബാംഗ് നെറ്റ്‌വർക്കുകൾ, നെറ്റ്സ്‌കേപ്പ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

