മുല്ലപ്പെരിയാർ ഡാമിൽ മരംമുറിക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്; ഹർജി സമർപ്പിച്ചു

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ മരംമുറിക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാൻ അനുമതി നൽകണമെന്ന് കേരളത്തിന് നിർദ്ദേശം നൽകണമെന്നാണ് തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യം. വള്ളക്കടവ്- മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കേരളത്തോട് നിർദ്ദേശിക്കണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

മരം മുറിക്ക് നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകണമെന്നും മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കുള്ള തടസം നീക്കണമെന്നും വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും തമിഴ്‌നാട് സമർപ്പിച്ച ഹർജിയിൽആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ് തമിഴ്നാടിന്റെ പുതിയ നീക്കം. തമിഴ്നാടിന്റെ സ്റ്റാന്റിങ് കോൺസൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് ഈ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നും അണക്കെട്ടിന് സമീപത്ത് മഴ അളക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും വള്ളക്കടവ് മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്താൻ കേരളത്തിന് നിർദ്ദേശം നൽകണമെന്നുമാണ് തമിഴ്‌നാട് ഹർജിയിൽ പറയുന്നത്.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നുണ്ട്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് ആരോപിച്ചു.