മോഫിയ പർവീണിന്റെ ആത്മഹത്യ; ആലുവ സി ഐ ആയിരുന്ന സുധീറിനെതിരെ നടപടി

തിരുവനന്തപുരം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി ഐ ആയിരുന്ന സുധീറിനെതിരെ നടപടി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഡിജിപിയാണ് സുധീറിനെ സസ്‌പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല. ഇന്ന് രാവിലെ മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു. സിഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.

സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ഡി ഐ ജിയുടേയും ഡി വൈ എസ് പിയുടേയും റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനെതുടർന്ന് സുധീറിനെ ആലുവയിൽ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ എസ്‌ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് സിഐയെ സസ്‌പെൻഡ് ചെയ്തത്.

ഭർതൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സി ഐ സുധീർ സ്റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനിൽ നിന്ന് പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവിനും ഭർത്തൃ വീട്ടുകാർക്കുമെതിരെ മോഫിയ ആത്മഹത്യാ കുറിപ്പിൽ ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ സി ഐ സുധീറിനെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.