തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (ബി. ശിവശങ്കരന്‍ നായര്‍-80)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാലരക്ക് ശാന്തികവാടത്തില്‍.
മലയാളികള്‍ എന്നും പാടി നടക്കാനാഗ്രഹിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ തൂലികയില്‍ പിറന്നു വീണിട്ടുണ്ട്. 1970-ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് ബിച്ചു തിരുമല സിനിമാ രംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആര്‍.കെ നായരുടെ ‘ഭജഗോവിന്ദം’ എന്ന ചിത്രത്തിനു വേണ്ടി ‘ബ്രഹ്മമുഹൂര്‍ത്തം’ എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’ യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.
ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് ബാബുരാജ്, കെ രാഘവന്‍, എം എസ് വിശ്വനാഥന്‍, എ ടി ഉമ്മര്‍, ശ്യാം, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ഇളയരാജ, എ ആര്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഒഎന്‍വി കുറുപ്പിനൊപ്പം വാക്കുകളുടെ മനോഹരമായ വിന്യാസത്തിന് വേറിട്ടുനില്‍ക്കുന്ന വരികള്‍ സൃഷ്ടിച്ചതില്‍ അദ്ദേഹം പ്രശസ്തനാണ്. ശക്തി’ എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.
1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.

