ഒരു ജില്ല ഒരു ഉത്പന്നം; കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് ഊർജം പകരാൻ കേന്ദ്ര സർക്കാരിന്റെ പദ്ധതി

തിരുവനന്തപുരം: ഭക്ഷ്യ കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് ഊർജം പകരാൻ കേന്ദ്ര സർക്കാരിന്റെ PMFME പദ്ധതി (Prime Minister Formalization of Micro Food processing Enterprises) . ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ വികസനത്തിനായാണ് കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിച്ചത്. നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. രാജ്യത്താകെ 2 ലക്ഷം സംരംഭങ്ങൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. 5 വർഷത്തേക്ക് 10,000 കോടിയാണ് പദ്ധതിക്കുള്ള നീക്കിയിരിപ്പ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ 6040 അനുപാത(ശതമാനം)ത്തിൽ ചെലവു പങ്കിടും. ഒരു ജില്ല, ഒരു ഉൽപന്നം എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ജില്ല, ഒരു ഉത്പന്നം എന്ന പ്രകാരം കേരളത്തിലെ 14 ജില്ലകൾക്കും ഭക്ഷ്യവിളകൾ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഉത്പന്നങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിളകൾ അടിസ്ഥാനമാക്കി അതതു ജില്ലകളിൽ പ്രവർത്തിക്കുന്നതും ആരംഭിക്കുന്നതുമായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ഭാഗാകാം. വ്യക്തിഗത സംരംഭങ്ങൾക്കും സംഘങ്ങൾക്കും ആനുകൂല്യം നേടാനാവും. കേന്ദ്ര ഭക്ഷ്യസംസ്‌കരണമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.

കേരളം: ഒരു ജില്ല, ഒരു ഉത്പന്നം

തിരുവനന്തപുരം: കപ്പ
കൊല്ലം: കപ്പയും മറ്റു കിഴങ്ങുവർഗങ്ങളും
പത്തനംതിട്ട: ചക്ക
ആലപ്പുഴ: അരിയുത്പന്നങ്ങൾ
കോട്ടയം: പൈനാപ്പിൾ
ഇടുക്കി: സുഗന്ധവിളകൾ
എറണാകുളം: പൈനാപ്പിൾ
തൃശൂർ: അരിയുൽപന്നങ്ങൾ
പാലക്കാട്: നേന്ത്രൻ
മലപ്പുറം: നാളികേരോത്പന്നങ്ങൾ
കോഴിക്കോട്: നാളികേരോത്പന്നങ്ങൾ
വയനാട്: പാലും പാലുത്പന്നങ്ങളും
കണ്ണൂർ: വെളിച്ചെണ്ണ
കാസർകോട്: കല്ലുമ്മക്കായ