കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. എറണാകുളം ജില്ല വിട്ട് പോകാന്‍ അനുമതി നല്‍കിയെങ്കിലും കേരളത്തിന് പുറത്ത് പോകരുതെന്ന് കോടതി നിര്‍ദ്ദേശം. കേസില്‍ സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ജില്ല വിട്ട് പോകരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു.
വീട് തിരുവനന്തപുരത്തായതിനാല്‍ ജില്ല വിട്ട് പോകരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സ്വപ്ന സുരേഷ് കോടതിയോട് അപേക്ഷിച്ചിരുന്നു. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍. കേരളം വിട്ട് പോകുന്നുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വപ്നക്ക് ജാമ്യഇളവ് അനുവദിച്ചത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ ഇന്ന് ജയില്‍മോചിതരായി. കോഫെപോസ കാലാവധി അവസാനിച്ചതിനാലാണ് ഇവര്‍ ജയില്‍ മോചിതരാകുന്നത്. കേസിലെ മുഖ്യ ആസൂത്രകന്‍ സരിത്ത് ആണെന്നാണ് കസ്റ്റംസിന്റെയും എന്‍ ഐ എയുടെയും കണ്ടെത്തല്‍.

