കെ-റെയില്‍ കേരളത്തെ നന്ദിഗ്രാമാക്കും; സിപിഎമ്മിന് ബംഗാളില്‍ സംഭവിച്ചത് ഇവിടെയും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്‌

കൊല്ലം: കെ-റെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തെ നന്ദിഗ്രാമാക്കാന്‍ പോകുന്നതാണ് ഈ പദ്ധതിയെന്നും ബംഗാളില്‍ സിപിഐഎമ്മിന് സംഭവിച്ച ഗതികേട് കേരളത്തിലുമുണ്ടാകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

‘കേരളത്തെ വില്‍ക്കാന്‍ വച്ചിരിക്കുന്ന പദ്ധതിക്കെതിരെ കേരളം ഇതുവരെ കാണാത്ത സമരമുണ്ടാകും. എവിടെ നിന്നാണ് പണം കണ്ടെത്തുന്നത്? ഇത്രയും പണം ചിലവാക്കിയാല്‍ ഉണ്ടാകുന്ന ഗുണമെന്താണ്?’ സതീശന്‍ ചോദിച്ചു. ചോദ്യത്തിനു മറുപടി ഇല്ലാതെ ദേശദ്രോഹികളാക്കുകയാണ്. എല്ലാ ഏകാധിപതികളുടേയും ഭാഷ ഇതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച ചേദ്യങ്ങള്‍ക്ക് മറുപടി പറയാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കുണ്ടറയില്‍ യുഡിഎഫിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.