പത്താന്‍കോട്ടില്‍ സൈനിക കേന്ദ്ര ത്തിന്റെ ഗേറ്റിന് സമീപം ഗ്രനേഡ് ആക്രമണം; പ്രദേശത്ത് അതീവ ജാഗ്രത

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് ആര്‍മി സ്‌റ്റേഷന്‍ ഗേറ്റിന് സമീപത്ത് ഗ്രനേഡ് ആക്രമണം. ഞായറാഴ്ച രാത്രി വൈകിയുണ്ടായ സ്ഫോടനത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല.

പ്രദേശത്ത് സേന അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അജ്ഞാതരായ ചില മോട്ടോര്‍സൈക്കിളുകള്‍ സൈനിക മേഖലയ്ക്ക് മുന്നില്‍ എത്തി ഗ്രനേഡ് എറിഞ്ഞതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു പത്താന്‍കോട്ട് എസ്എസ്പി സുരേന്ദ്ര ലാംബ പറഞ്ഞു.

പത്താന്‍കോട്ടിലെ ധീരപുലിന് സമീപമുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ത്രിവേണി ഗേറ്റിലാണ് സ്‌ഫോടനം നടന്നത്. ഗ്രനേഡിന്റെ ഭാഗങ്ങള്‍ സ്ഥലത്ത് നിന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2016 ജനുവരിയില്‍ പത്താന്‍കോട്ടിലെ എയര്‍ഫോഴ്സ് കേന്ദ്രത്തിനു നേരേ ശക്തമായ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.