ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുറക്കണമെങ്കില്‍ ഇനി സെല്‍ഫി വീഡിയോ

instagram

ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഇനി പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ സെല്‍ഫി വീഡിയോ നല്‍കിയാല്‍ മാത്രമേ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇന്‍സ്റ്റഗ്രാമിലെ വ്യാജ പ്രൊഫൈലുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.

അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഒന്നിലധികം കോണുകളില്‍ നിന്ന് എടുത്ത വീഡിയോ സെല്‍ഫി നല്‍കാന്‍ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ നിലവിലെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരു വീഡിയോ സെല്‍ഫി നല്‍കി. കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ ഇന്‍സ്റ്റ പരീക്ഷിക്കാന്‍ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് മാറ്റ് നവാര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, ഫോട്ടോ ഷെയറിങ്ങ് ആപ്ലിക്കേഷന്‍ വീഡിയോ സെല്‍ഫികളിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു, എന്നാല്‍, ”ബയോമെട്രിക് ഡാറ്റ ശേഖരിക്കില്ലെന്ന് ‘മെറ്റാ’ വാഗ്ദാനം ചെയ്യുന്നു.” അക്കൗണ്ട് ഉപയോക്താക്കള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഐഡന്റിറ്റി വേരിക്കേഷനു വേണ്ടി ഇതു പ്ലാറ്റ്‌ഫോമിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ, പ്ലാറ്റ്‌ഫോമില്‍ വീഡിയോ ദൃശ്യമാകില്ലെന്നും കമ്പനിയുടെ സെര്‍വറുകളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ ഇല്ലാതാക്കുമെന്നും ഇന്‍സ്റ്റാഗ്രാം വാഗ്ദാനം ചെയ്യുന്നു. എല്ലാവരും ഒടുവില്‍ ഒരു വീഡിയോ സെല്‍ഫി സമര്‍പ്പിക്കേണ്ടിവരുമോ എന്നതിനെക്കുറിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല.