സ്ത്രീപീഡന-പോക്‌സോ കേസുകളിലെ വിചാരണ വൈകുന്നു; വേണ്ടത്ര കോടതികളില്ലാത്തത് സംസ്ഥാനത്തിന് തിരിച്ചടി

abuse

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പോക്‌സോ കേസുകളും വര്‍ദ്ധിച്ച് വരുമ്പോഴും, കേസിലെ വിചാരണകള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര കോടതികളില്ലാത്തത് സംസ്ഥാനത്തിന് തിരിച്ചടിയാകുന്നു. കേന്ദ്രം അനുവദിച്ചതില്‍ 28 കോടതികള്‍ സംസ്ഥാനത്ത് ഇനിയും തുടങ്ങിയില്ല. നവംബര്‍ ഒന്ന് മുതല്‍ 28 കോടതികളും പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു ഉന്നതതല യോഗത്തിലെ തീരുമാനം. നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിലെ കാലതമാസത്തിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ സ്ത്രീപീഡന- പോക്‌സോ കേസുകളില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലിക കോടതികള്‍ അനുവദിച്ചിരുന്നു. രാജ്യത്ത് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലും, ആവശ്യത്തിന് കോടതികള്‍ ഇല്ലാത്തതിനാലുമാണിത്.

കോടതി പ്രവര്‍ത്തനങ്ങളുടെ അറുപത് ശതമാനം ചെലവ് കേന്ദ്രവും നാല്‍പത് ശതമാനം സംസ്ഥാനവും വഹിക്കണം. ഈ പാക്കേജില്‍ കേരളത്തിന് 56 കോടതികളാണ് രണ്ടു വര്‍ഷം മുമ്പ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 28 കോടതികള്‍ മാത്രമാണ് പ്രവര്‍ത്തനം തുടങ്ങിയത്. 14 കോടതികള്‍ പോക്‌സോ കേസുകള്‍ മാത്രം പരിഗണിക്കുന്നവയാണ്. 28 കോടതികളിലായി 7226 പോക്‌സോ കേസുകളും, 1882 ഗാര്‍ഹിക പീഡന കേസുകളും, 5698 സ്ത്രീധനപീഡന കേസുകളുമാണ് പരിഗണിക്കുന്നത്. ഇനിയുള്ള 28 കോടതികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയാല്‍ എല്ലാ കേസുകളിലും തീര്‍പ്പുണ്ടാകും. ഇരകള്‍ക്ക് നീതിയും ലഭിക്കും.