മോഡലുകളുടെ അപകട മരണം; ഹോട്ടലുടമയെ രക്ഷിക്കാന്‍ ഇടപെട്ടത് പോലീസ് ഉന്നതരെന്ന് റിപ്പോര്‍ട്ട്

കൊച്ചി: മോഡലുകളുടെ അപകടം മരണത്തില്‍ ദുരൂഹതയേറുന്നു. കേസിലെ രണ്ടാം പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമയായ റോയിയെ രക്ഷിക്കാന്‍ ശ്രമിച്ചത് പോലീസ് ആസ്ഥാനത്ത് ഉന്നത പദവിയിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനും കൊച്ചി സിറ്റി പോലീസിലെ ഒരു ഉദ്യോഗസ്ഥനുമാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതി റോയ് ജോസഫിനെ ചോദ്യം ചെയ്ത ദിവസം ഐപിഎസ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തി പോലീസ് ക്ലബ്ബിലിരുന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയതും വീഡിയോ ദൃശ്യങ്ങള്‍ കണ്ടതുമായ വിവരങ്ങളും സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലീസ് മേധാവി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണത്തില്‍ പെട്ട ഉദ്യോഗസ്ഥരെ ഡിജിപി ശാസിച്ചതായും സൂചനയുണ്ട്. ഇവരെ ക്രമ സമാധാന ചുമതലയില്‍ നിന്ന് മാറ്റാനാണ് സാധ്യത. കാറപകട കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.