ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അടുത്ത 34 ദിവസങ്ങളില്‍ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. നാളെ വൃശ്ചികം ഒന്നിന് തീര്‍ഥാടകര്‍ ഇരുമുടിയേന്തി മല കയറും. നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നു കടത്തി വിടുമെന്നും അറിയിച്ചു.
മഴ ശക്തമായതോടെ പമ്പ ത്രിവേണിയില്‍ ആറാട്ടു കടവ് ഭാഗത്തു വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദ്ദേശമുണ്ട്. നിലക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് നിര്‍ത്തും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തിയ്യതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇന്നു വൈകിട്ട് 5നു മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നട തുറക്കും. തുടര്‍ന്നു പുതിയ മേല്‍ശാന്തിമാരായ കളീക്കല്‍ മഠത്തില്‍ എന്‍.പരമേശ്വരന്‍ നമ്പൂൂതിരി (ശബരിമല) , കുറവക്കോട്ട് ഇല്ലത്ത് ശംഭു നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കും. ഏവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ജില്ലാ എസ്. അയ്യര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

