‘സംഗീതം ഹറാമാണെന്ന തിരിച്ചറിവ്’; സംഗീതം ഉപേക്ഷിച്ച് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്‌

‘മിയാ ഭായ്’ എന്ന ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെ സംഗീത പ്രേമികളുടെ മനം കവര്‍ന്ന റാപ്പര്‍ റുഹാന്‍ അര്‍ഷാദ് തന്റെ സംഗീത ജീവിതം ഉപക്ഷിക്കുകയാണെന്ന് അറിയിച്ചു. മതജീവിതത്തിനായാണ് സംഗീതം ഉപേക്ഷിക്കുന്നതെന്നും ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും റുഹാന്‍ പറഞ്ഞു. 23 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് റുഹാന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാല്‍, ‘ ഹറാം’ അല്ലാത്ത ഉള്ളടക്കം തന്റെ ചാനലിലൂടെ മുന്നോട്ടും പ്രതീക്ഷിക്കാമെന്നും പിന്തുണക്കണമെന്നും റുഹാന്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പുറത്തെത്തിയ ‘മിയാ ഭായ്’ എന്ന വീഡിയോ സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ത്തിരുന്നു. യുട്യൂബില്‍ 50 കോടിക്കുമേല്‍ കാഴ്ചകളാണ് ഈ ഗാനം നേടിയിട്ടുള്ളത്. ‘സംഗീതം കൊണ്ട് മാത്രമാണ് ജീവിതത്തില്‍ എനിക്ക് ഉയരാന്‍ സാധിച്ചത്. പക്ഷേ സംഗീത ജീവിതം ഞാന്‍ അവസാനിപ്പിക്കണം എന്നത് ദൈവത്തിന്റെ തീരുമാനമാണ്’. അല്ലാഹുവിന്റെ മാര്‍ഗ നിര്‍ദേശവും സൂചനകളും മനസിലാക്കിയാണ് തന്റെ തീരുമാനമെന്നും റുഹാന്‍ പറഞ്ഞു. എടുത്ത തീരുമാനത്തില്‍ പൂര്‍ണ്ണ സന്തോഷവാനാണെന്നും അതേക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും.

സംഗീതത്തിലൂടെ മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ പറ്റിയതില്‍ നന്ദിയുള്ളവനാണ്. പുതിയ തീരുമാനത്തില്‍ തന്നെ പിന്തുണക്കണമെന്നും യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരോട് റുഹാന്‍ അഭ്യര്‍ഥിക്കുന്നു.