പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം രംഗത്ത്. നിലവില്‍ യുവാക്കളുടെ ഇടയില്‍ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ദിനം പ്രതി ആയിരങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി അംഗങ്ങളാകുന്നത്. പ്രത്യേകിച്ചും കൗമാരക്കാര്‍. ഇങ്ങനെ വര്‍ധിച്ച് വരുന്ന ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ നിന്നും തങ്ങള്‍ക്കും ക്രിയേറ്റേഴ്‌സിനും വരുമാനം കൂടി ലഭ്യമാക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇത് വരെ എല്ലാ കണ്ടന്റുകളും ഫ്രീ ആയിരുന്ന ഇന്‍സ്റ്റഗ്രാമില്‍ ഇനി മുതല്‍ പ്രത്യേക ഫീച്ചര്‍ പ്രകാരം ഉപയോക്താക്കള്‍ പണം അടക്കേണ്ടി വന്നേക്കാം. നിലവില്‍ സ്ബ്‌സ്‌ക്രിപ്ഷന്‍ തെരഞ്ഞെടുക്കുന്ന യൂസേഴ്‌സിന് മാത്രമായിരിക്കും പുതിയ ഫീച്ചര്‍ നല്‍കുക.
ഇന്‍സ്റ്റഗ്രാമിന്റെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ലിസ്റ്റിങിലാണ് പുതിയ ഫീച്ചര്‍ കാണാന്‍ കഴിഞ്ഞത്. യുഎസിലും ഇന്ത്യയിലും ആണ് ഈ ലിസ്റ്റിങ് നടത്തിയിരിക്കുന്നത്. ആപ്പിന്റെ ഇന്‍ ആപ്പ് പര്‍ച്ചേസ് വിഭാഗത്തിന് കീഴിലാണ് പുതിയതായി ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷന്‍ സെക്ഷന്‍ കാണിക്കുന്നത്. ഇത് പണമടച്ച് ഉപയോഗിക്കേണ്ട പുതിയ ഫീച്ചറിന്റെ വിപുലമായ ലോഞ്ചിനെക്കുറിച്ച് സൂചന നല്‍കുന്നു.
ഐഒഎസ് ആപ്പിലെ ഇന്‍ബോക്‌സ് പര്‍ച്ചേസ് സെക്ഷനിലാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും യുഎസിലും ഈ ഫീച്ചറിന് നല്‍കേണ്ട ഫീസും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ ആപ്പ് സ്റ്റോറിലും ഇത് ലൈവായി ഓടുന്നുണ്ട്. പ്രതിമാസം 89 രൂപക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങാവുന്നത്. പുതിയ സബ്സ്‌ക്രിപ്ഷന്‍ വിശദാംശങ്ങള്‍ ഇന്‍സ്റ്റാഗ്രാം ബാഡ്ജുകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കും. മോശം കണ്ടന്റില്‍ നിന്ന് അകലം പാലിക്കാനും ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് കൃത്യമായ ഇടവേളകള്‍ പാലിക്കാനും സ്ഥാപനം തന്നെ യൂസേഴ്‌സിനെ പ്രേരിപ്പിക്കും. ഇന്‍സ്റ്റാഗ്രാം യുവാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്ന മുന്‍ ഫേസ്ബുക്ക് ജീവനക്കാരുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനിയുടെ ഈ പ്രഖ്യാപനം.

