തിരുവനന്തപുരം: ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. രാജ്യത്ത് 18 വയസിനും 59 വയസിനും ഇടയിലുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ളതാണ് ഇത്. പി.എം.ജി വികാസ് ഭവന്‍ ഡിപ്പോക്ക് എതിര്‍വശത്തുള്ള തൊഴില്‍ ഭവനില്‍ നവംബര്‍ 15 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
18 വയസ് പൂര്‍ത്തിയായവരും, ഇ.പി.എഫ്/ഇ.എസ്.ഐ അംഗത്വം ഇല്ലാത്തവരും ആദായ നികുതി അട്ക്കാത്തവരുമായ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായി സൗജന്യമായി കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പി.എം.എസ്.ബി.വൈ പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്ക് സൗജന്യമായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇ-ശ്രം രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കേ ലഭിക്കൂ.
തൊഴില്‍വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുറമേ അസംഘടിത മേഖലയില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയ മേഖലയിലുള്ള എല്ലാവര്‍ക്കും www.eshram.gov.in ല്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഇതിന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം. ഇതിനു പുറമേ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും സൗജന്യമായി രജിസ്ട്രേഷന്‍ നടത്താം. ഇതിന് വേണ്ടിവരുന്ന തുക സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു.

