ഐടി പാര്‍ക്കുകളില്‍ പബ്ബ് ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി; കൊവിഡിന് ശേഷം പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം പബ്ബ്-വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐടി കമ്പനികള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുമ്പോള്‍ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി പബ്ബുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന മുന്‍പ് ഉണ്ടായത്. പിന്നീട് കൊവിഡ് വ്യാപനത്താല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.