തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ കെഎസ്ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അഞ്ച് വിദ്യാര്‍ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് ഷെല്‍ട്ടറിലിടിച്ചപ്പോള്‍ തകര്‍ന്ന് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണെങ്കിലും സമീപത്തെ ടിവി കിയോസ്‌കില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. പാങ്കാവില്‍ നിന്ന് നെടുമങ്ങാട്ടേക്ക് പോകുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.