പുനീത് രാജ്കുമാര്‍ പഠനച്ചിലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുത്ത് നടന്‍ വിശാല്‍

അപ്പു എന്ന് ആരാധകര്‍ വിളിക്കുന്ന കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണം വലിയ ആഘാതമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്. ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച ശേഷം 1985 ല്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി.

അഭിനയത്തിനുമപ്പുറം അനാഥാലയങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പുനീത് ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവനായി. ഇപ്പോഴിതാ, പുനീത് പഠനച്ചിലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം നടന്‍ വിശാല്‍ ഏറ്റെടുത്തിരിക്കുന്നു.

പുനീതിന്റെ വിയോഗം സിനിമാ മേഖലയുടെ മാത്രം നഷ്ടമല്ലെന്നും സമൂഹത്തിനു തന്നെ തീരാനഷ്ടമാണെന്നും വിശാല്‍ പറയുന്നു. ‘1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ പുനീത് ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’, വിശാല്‍ വ്യക്തമാക്കി. പുനീത് നല്ലൊരു നടന്‍ മാത്രമായിരുന്നില്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നുവെന്ന് വിശാല്‍ കൂട്ടിച്ചേര്‍ത്തു.