തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കവുമായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ച് പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് ഇതിന് വേണ്ടി പ്രത്യേക വിജിലന്‍സ് വിഭാഗത്തെ നിയോഗിക്കുന്നത്.
ഇപ്പോള്‍ നിലവിലുള്ളത് ഒരു ജോയിന്റ് ഡയറക്ടര്‍ മാത്രമുള്ള വിജിലന്‍സ് ആണ്. പുതിയതായി രൂപീകരിക്കുന്ന വിജിലന്‍സ് സംഘത്തില്‍ നാല് വര്‍ഷത്തിനിടെ സര്‍വ്വീസില്‍ നിന്നും വിരമിച്ച സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധര്‍ എന്നിവരാകും ഉള്‍പ്പെടുന്നത്. ശക്തമായ വിജിലന്‍സ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസിന് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിയപ്പോള്‍ പല പരാതികളും നേരിട്ട് കേള്‍ക്കാനിട വന്നിരുന്നു. കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാര്‍ പലപ്പോഴും ഉണ്ടാവാറില്ലന്ന പരാതി ഉയര്‍ന്നിരുന്നു. പല പരാതികളിലും നടപടി ഇല്ലെന്ന് മന്ത്രിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നീക്കം.

