തിരുവനന്തപുരം: മലയാളിയുടെ മദ്യത്തിനും ലൈംഗികതയ്ക്കും എതിരായ നിലപാടിനെയെതിരെയുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമാകുന്നു.സ്പെയിനിനെ പോലെ കേരളവും സെക്സ് ടൂറിസം പ്രധാനമാക്കിയ രീതി പിന്തുടരണമെന്ന മന്ത്രിയുടെ വാദത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് തുടങ്ങി.
സെക്‌സ് ടൂറിസത്തില്‍ പ്രധാനമെന്ന സജി ചെറിയാന്റെ പ്രസ്താവന കേരളത്തിന്റെ ടൂറിസം മേഖലയുടെ ദിശാഗതി വ്യക്തമാക്കുന്ന പ്രസ്താവനയാണ്. എന്നാല്‍ ടൂറിസം മന്ത്രി റിയാസാണ്. റിയാസിന് പകരം സജി ചെറിയാന്‍ ടൂറിസം നയപ്രഖ്യാപനം എന്തുകൊണ്ട് നടത്തി എന്നതാണ് സിപിഎം നേതാക്കളെ അമ്പരപ്പിക്കുന്നത്.
2.56 ലക്ഷം മദ്യശാലകള്‍ സ്പെയിനില്‍ ഉണ്ട്. എന്നാല്‍ തിരക്കും ക്യൂവുമില്ല. കേരളത്തില്‍ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണെന്നും സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്നും മന്ത്രി പറഞ്ഞു. സെക്സാണ് സ്പെയിനിലെ ടൂറിസത്തില്‍ മുഖ്യം. എന്നാല്‍ സംസ്ഥാനത്ത് സെക്സ് എന്ന് പറഞ്ഞാല്‍തന്നെ പൊട്ടിത്തെറിയാണ്. സ്പെയിനില്‍ ലഹരി മരുന്ന് ചെറുപ്പക്കാര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു.’- സജി ചെറിയാന്റെ പ്രസംഗത്തിലെ പ്രധാന ഭാഗമാണിത്.
സെക്‌സ് ടൂറിസത്തിന്റെ മറവില്‍ അവിടെ വേശ്യാവൃത്തി അതിവേഗം പടര്‍ന്ന് പിടിച്ചു. ഇത് സുഗമമായി നടക്കാന്‍ മനുഷ്യക്കടത്ത് റാക്കറ്റുകള്‍ ഉണ്ടാകുകയും, ഇത് സ്‌പെയിന്‍ സര്‍ക്കാരിന് ഏറ്റവും വലിയ തലവേദന ആയി തീരുകയും ചെയ്തു. ലോകത്തിലെ തന്നെ മൂന്നാമത്തെ സെക്സ് തലസ്ഥാനമാണ് സ്പെയിന്‍. 2011ല്‍ സ്പെയിനിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷമാണ് യൂറോപ്പിന്റെ വേശ്യാലയം എന്ന് സ്പെയിന് ചീത്തപ്പേര് ലഭിച്ചത്. ലൈംഗികത്തൊഴിലിനെ ക്രിമിനല്‍ കുറ്റമല്ലെന്ന നിലപാട് 1995ല്‍ സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് രാജ്യത്ത് സെക്സ് ടൂറിസം തഴച്ചുവളര്‍ന്നത്.ഇവിടെ 70,260 ലൈംഗിക ത്തൊഴിലാളികളുണ്ടെന്ന് യുഎന്‍ കണക്ക് വ്യക്തമാക്കുന്നു.എന്നാല്‍ സ്‌പെയിനിലെ സ്വകാര്യ ഏജന്‍സികളുടെ കണക്ക് പ്രകാരം ഇത് 3 ലക്ഷം മുതല്‍ 4 ലക്ഷം വരെ വരും. 31,450 കോടിയാണ് സ്‌പെയിനിലെ സെക്‌സ് വ്യവസായം നേടുന്നത്.
സജി ചെറിയാനിലൂടെ കേട്ടത് ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം ലൈനിന്റെ ബ്ലൂപ്രിന്റാണോ എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.
‘ സ്‌പെയിന്‍, നിയന്ത്രിക്കുന്നതും മറച്ചുവെയ്ക്കുന്നതുമാണ് അപകടമെന്ന് മനസ്സിലാക്കി എല്ലാം തുറന്നുകൊടുക്കുകയായിരുന്നു.ഇവിടെ നമ്മള്‍ എല്ലാം മറുച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്.’-സജി ചെറിയാന്‍ പറഞ്ഞു. സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദം പ്രസംഗം.

