ജാമ്യക്കാർ പിന്മാറി; ബിനീഷ് കോടിയേരി ജയിൽ മോചിതനായില്ല

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ജാമ്യക്കാർ പിന്മാറിയതോടെയാണ് ബിനീഷിന് ജയിലിൽ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയെങ്കിലും സമയം വൈകുകയായിരുന്നു.

ബിനീഷിനെ ഇന്ന് തന്നെ പുറത്തിറക്കാനായിരുന്നു സഹോദരൻ ബിനോയ് കോടിയേരിയുടെയും സുഹൃത്തുക്കളുടെയും ശ്രമം. എന്നാൽ ഈ ശ്രമം വിജയിച്ചില്ല. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നത്. കർണാടകയിൽ നിന്നുള്ള ആളുകൾ തന്നെയായിരുന്നു ജാമ്യക്കാരായി വേണ്ടത്. ഇതിനായി കണ്ടെത്തിയ ആളുകളാണ് അവസാന നിമിഷം പിന്മാറിയത്.

അതേസമയം ജാമ്യക്കാർ എന്തുകൊണ്ടാണ് അവസാന നിമിഷം പിന്മാറിയതെന്ന വിവരം വ്യക്തമല്ല. കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കൂ. ജാമ്യക്കാരെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ജയിൽ മോചിതനാകാൻ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്.