വരുന്ന മൂന്ന് വര്‍ഷം കൂടി ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി തുടരും

ന്യൂഡല്‍ഹി: വരുന്ന മൂന്ന് വര്‍ഷം കൂടി ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി തുടരും.മൂന്നു വര്‍ഷത്തേയ്ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുകയായിരുന്നു.2024 ഡിസംബര്‍ വരെ ശക്തികാന്ത ദാസിന് തല്‍സ്ഥാനത്ത് തുടരാം.

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടങ്ങിയ കാബിനറ്റ് അപ്പോയ്‌മെന്റ്‌സ് കമ്മിറ്റി ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഊര്‍ജിത് പട്ടേല്‍ 2018 ല്‍ കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങിയതോടെയാണ് ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. മൂന്നു വര്‍ഷത്തേയ്ക്കായിരുന്നു നിയമനം. ധനമന്ത്രാലയത്തില്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായിരിക്കെയാണ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാലാവധി നീട്ടികിട്ടുന്ന ആദ്യ ആര്‍ബിഐ ഗവര്‍ണറാണ് ശക്തികാന്ത ദാസ്.