ചട്ടലംഘനം; വി ഡി സതീശനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളില്‍ നിന്ന് നീക്കി

തിരുവനന്തപുരം: പി വി അന്‍വര്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട്. അന്‍വര്‍ ,നിയമനിര്‍മ്മാണ ചര്‍ച്ചയ്ക്കിടെയാണ് സതീശനെതിരെ ആരോപണമുന്നയിച്ചത്. ഒരു എംഎല്‍എ മറ്റൊരു എംഎല്‍എക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്ന ചട്ടം അന്‍വന്‍ ലംഘിച്ചുവെന്ന് സ്പീക്കര്‍ എം ബി രാജേഷ് വ്യക്തമാക്കി. ഇതിന് പുറമെ മുന്‍കൂട്ടി എഴുതി നല്‍കാതെ ആരോപണം ഉന്നയിച്ചുവെന്നും സ്പീക്കര്‍ അറിയിച്ചു.അതിനാല്‍ ആരോപണവും അതിന് വി ഡി സതീശന്‍ നല്‍കിയ വിശദീകരണവും സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കര്‍ വ്യക്തമാക്കി.

സതീശന് പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ മുഖ്യ പങ്കുണ്ടെന്നായിരുന്നു സഭയ്ക്ക് അകത്തും പുറത്തും അന്‍വര്‍ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ താന്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്നും അന്‍വറിന് കിളി പോയതാണെന്നും സതീശന്‍ പരിഹസിച്ചു.

32 കൊല്ലം മുന്‍പുള്ളതാണ് ഈ മണി ചെയിന്‍ ആരോപണം.അന്ന് താന്‍ പറവൂരില്ല. പ്രശസ്തി കിട്ടാനാണ് തനിക്കതിരെ ആരോപണം ഉന്നയിക്കുന്നത് സതീശന്‍ വിമര്‍ശിച്ചു.നിയമസഭയില്‍ നിന്ന് അനുമതിയില്ലാതെ പി വി അന്‍വര്‍ അവധിയെടുത്തത് സതീശന്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് തുടക്കം. എന്നാല്‍ ഫേസ്ബുക്കിലൂടെ സതീശന് അന്‍വര്‍ മറുപടി നല്‍കിയെങ്കിലും സഭയിലെത്തിയ ശേഷവും ആക്രമണം തുടരുകയായിരുന്നു. തന്റെ എല്ലാ സംരഭങ്ങളും നിര്‍ത്തി രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടുമെന്നും അന്‍വര്‍ പ്രതികരിച്ചു.