ലഹരി കേസ്‌: ഫാഷന്‍ ടിവിയുടെ ഇന്ത്യ തലവനെ ചോദ്യം ചെയ്യും; സമീര്‍ വാംഗഡെയ്‌ക്കെതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി

മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസില്‍ ഫാഷന്‍ ടിവിയുടെ ഇന്ത്യ തലവനെ മുംബൈ പൊലീസ് ചോദ്യം ചെയ്യും. ഫാഷന്‍ ടിവി ഇന്ത്യ തലവനായിരുന്നു ആഡംബര കപ്പലിലെ യാത്ര സംഘടിപ്പിച്ചത്. അതേസമയം എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഭീഷണിപ്പെടുത്തി സമീര്‍ പണം തട്ടുന്നു എന്നാണ് അഭിഭാഷകന്‍ ജയേഷ് വാനി നല്‍കിയ പരാതി.

അതേസമയം, സമീര്‍ വാംഗഡെയ്ക്ക് എതിരെ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

വാംഗഡെയ്ക്ക് എതിരെ മുംബൈയിലെ അഞ്ച് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. സമീറിനെ ചോദ്യം ചെയ്യാനായി എന്‍സിബിയുടെ വിജിലന്‍സ് സംഘവും മുംബൈയിലെത്തിയിട്ടുണ്ട്. ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനായി ഇടനില നിന്നതെന്ന് കരുതുന്ന കിരണ്‍ ഗോസാവിയെ ഇന്നലെ പൂനെ പൊലീസ് പിടികൂടിയിരുന്നു. ആര്യനെ പിടികൂടിയതോടെഷാരൂഖിന്റെ മാനേജറെ ഗോസാവി കണ്ടെന്നും 18 കോടി ആവശ്യപ്പെട്ടെന്നുമാണ് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയ്‌ലി വെളിപ്പെടുത്തിയത്. ഈ 18 കോടിയിലെ എട്ട് കോടി സമീര്‍ വാംഗഡെയ്ക്കാണെന്ന് പറയുന്നത്.