മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നവംബര്‍ 10 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി മേല്‍നോട്ട സമിതിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. സമിതിക്ക് സാഹചര്യമനുസരിച്ച് ജലനിരപ്പ് പുനപരിശോധിക്കാമെന്ന് നിര്‍ദേശിച്ചു. ഇതിന് പുറമെ കോടതി കേരളത്തിനോട് നവംബര്‍ എട്ടിനകം സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും.വാദം കേട്ടത് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 138 അടി പിന്നിട്ടിരുന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്ക് 3800 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത്. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

ഈ മാസത്തെ റൂള്‍ കര്‍വ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പായ 138 അടിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മേല്‍നോട്ട സമിതി കോടതിയില്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇത് തമിഴ്‌നാടിന് സ്വീകാര്യമായിരുന്നില്ല. കേരളം ഇതിനോട് വിയോജിക്കുകയും ചെയ്തു. ഇതിന് പുറമെ പരമാവധി ജലനിരപ്പ് സ്ഥിരമായി 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ, അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.