ചെറിയാന്‍ ഫിലിപ്പ് വഴിതെറ്റിപ്പോയ കുഞ്ഞാടാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് വഴിതെറ്റിപ്പോയ കുഞ്ഞാടാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെറിയാന്‍ ഫിലിപ്പിനെ തിരികെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രവര്‍ത്തകസമിതി കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘടനാ തെരഞ്ഞടുപ്പില്‍ അതീവ ശ്രദ്ധ വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പിനെ ജനപിന്തുണയുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി മാറ്റണമെന്നും ചെന്നിത്തല വ്യക്തമാക്കി.

കെ.സുധാകരന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന പ്രസ്താവനയെക്കുറിച്ച്‌ ചോദിക്കവെ ഈ വിഷയം സുധാകരന്‍ തങ്ങളോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പത്രവാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

നിലിവല്‍ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയാണ് വിഎം സുധീരന്‍. ഇദ്ദേഹത്തെയും ഏറെ പ്രശംസിച്ചാണ് ചെന്നിത്തല സംസാരിച്ചത്. വിഎം സുധീരന്‍ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ തങ്ങളെല്ലാവരും കേള്‍ക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.