പുരാവസ്തു തട്ടിപ്പ്; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി. ബീറ്റ് ബോക്‌സ് മോന്‍സന്റെ വീട്ടില്‍ വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് അന്വേഷണ സംഘം ബെഹ്‌റയോട് വിശദീകരണം തേടിയത്. ബെഹ്‌റയ്ക്ക് പുറമെ ക്രൈംബ്രാഞ്ച് മോന്‍സണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും ചോദ്യം ചെയ്തു.

ക്രൈംബ്രാഞ്ചിന് നാളെ ഹൈക്കോടതിയില്‍ മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതേതുടര്‍ന്നാണ് മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് വിശദീകരണം തേടിയത്.

മോന്‍സണ്‍ മാവുങ്കലിന് ഏത് സാഹചര്യത്തിലാണ് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം വേണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ ചോദ്യം ചെയ്തത്. കലൂരിലുള്ള മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയം ബെഹ്‌റ സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പോലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. ഇത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്
പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ബെഹ്‌റയുടെ മൊഴിയെടുത്തത്.

ഐ ജി ലക്ഷ്മണയ്ക്ക് മോന്‍സണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് ശരിവെയ്ക്കുന്ന രേഖകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഐജിയെ ചോദ്യം ചെയ്തത്.