നോളജ് സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തരംമാറ്റിയ ഭൂമിയില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ തോട്ടം ഭൂമി തരം മാറ്റിയ ഭൂമിയിലാണ്
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ നോളജ് സിറ്റിയുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നതെന്ന് രേഖകള്‍. നിര്‍മാണങ്ങള്‍ 1964ലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് തുടരുന്നത്.നോളജ് സിറ്റിയുടെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തോട്ടഭൂമിയിലാണ് നോളജ് സിറ്റി നിലനില്‍ക്കുന്നത്. ഉന്നതരുടെ സംരക്ഷണമുള്ളതിനാല്‍ ഭൂമി തരം മാറ്റുന്നതിന് തടസങ്ങളൊന്നുമില്ലെന്നും റവന്യു അധികൃതര്‍ വെളിപ്പെടുത്തി. തോട്ടങ്ങളെ 1964 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81ാം വകുപ്പ് പ്രകാരം ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മറ്റാവശ്യങ്ങള്‍ക്കായി തോട്ട ഭൂമി ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ഉപയോഗിച്ചാല്‍ അത് മിച്ച ഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഈ നിയമത്തിലെ 87ാം വകുപ്പില്‍ പറയുന്നുണ്ട്. ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

നോളജ് സിറ്റിയുടെ നിര്‍മാണം നടക്കുന്നത് 1040 ഏക്കര്‍ വിസ്തൃതിയുള്ള റബ്ബര്‍ തോട്ടത്തിലാണ്.പരസ്യമായ നിയമലംഘനമാണ് ഇതിന്റെ മറവില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടക്കുന്നത്. എ.പി. അബുബക്കര്‍ മുസലിയാരുടെ മകനും നോളജ് സിറ്റിയുടെ പ്രധാന ചുമതലക്കാരനുമായ അബ്ദുല്‍ ഹക്കീം ഈ ഭൂമി കാര്‍ഷികാവശ്യത്തിനു മാത്രമേ ഉപയോഗിക്കുവുള്ളുവെന്ന് പറഞ്ഞാണ് ഭൂമിയുടെ പട്ടയത്തിനായി ലാന്‍ഡ് ട്രിബ്യൂണലിനു അപേക്ഷ നല്‍കിയത്.എന്നാല്‍ ഈ നിയമലംഘനം നടക്കുന്നത് റവന്യു വകുപ്പെലെയും മറ്റും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്.