റോഡ് ഗതാഗതം തടയാന്‍ എന്ത് അവകാശം; കര്‍ഷക സമരത്തിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകര്‍ റോഡ് ഗതാഗതം തടസപ്പെടുത്തി നടത്തുന്ന സമരത്തിനെതിരെ വീണ്ടും സുപ്രീം കോടതി. റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് കോടതി കിസാന്‍ മോര്‍ച്ചയോട് ചോദിച്ചു. എന്നാല്‍ പൊലീസ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ കോടതിയില്‍ വിശദീകരിച്ചു.

സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍, റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ നിലപാട് അറിയിക്കണം. ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

കര്‍ഷകര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സമയത്തും ഇതേ പരാമര്‍ശം സുപ്രീം കോടതി നടത്തിയിരുന്നു. റോഡുകള്‍ ഉപരോധിച്ച് അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കര്‍ഷകര്‍ ഡല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു സുപ്രീം കോടതി അന്ന് നിരീക്ഷിച്ചിരുന്നു.