തിരുവനന്തപുരം: കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവി ചീഫ് എന്‍ജിനീയര്‍ ആര്. ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയതത്.
എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഇതിന് പുറമെ ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായതിനുമാണ് ചീഫ് എന്‍ജിനീയര്‍ നേരെ നടപടി സ്വീകരിച്ചത്.
ഇന്ദു 1.39 കോടിരൂപയുടെ നഷ്ടം കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തില്‍ ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍മാണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും കരാറുകാരന് ആര്. ഇന്ദു തുക അനുവദിച്ചു നല്കി. ഇന്ദുവിന്റെ ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.ചീഫ് എന്‍ജിനീയര്‍ പിഡബ്ല്യൂഡി, കെഎസ്ആര്‍ടിസി കരാര്‍ ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെണ്ടറില്‍ പങ്കെടുക്കാന്‍ അനുവദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ആരോപണത്തെ തുടര്‍ന്ന് ഇവര്‍ അവധിയില്‍ പോയിരുന്നു. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ ഹൗസിങ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ ജോലിയ്ക്ക് കയറിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണത്തിനിതടെയാണ് ഗതാഗതമന്ത്രി ഇന്ദുവിന് സസ്പെന്ഷന് പ്രഖ്യാപിച്ചത്. 39 കോടിയാണ് ഉപയോഗശൂന്യമായ കെട്ടിടം നിര്‍മിച്ചതിലൂടെ സര്‍ക്കാരിനു നഷ്ടമായത്.

