ക്രമസമാധാന പ്രശ്‌നം; പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തർപ്രദേശ് പോലീസ്

ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ കാണാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തർപ്രദേശ് പോലീസ്. ആഗ്രയിലേക്ക് പുറപ്പെട്ട പ്രിയങ്കാ ഗാന്ധിയെയാണ് ലക്നൗ-ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയിൽ വെച്ച് യുപി പോലീസ് തടഞ്ഞത്.

സന്ദർശനം നടത്താൻ നേരത്തെ അനുമതി വാങ്ങാത്തതിനാലാണ് പ്രിയങ്കയെ തടഞ്ഞതെന്നാണ് യുപി പോലീസ് നൽകുന്ന വിശദീകരണം. ക്രമസമാധാന പ്രശ്‌നമാണിതെന്നും പോലീസ് പറയുന്നു. അതേസമയം താൻ എവിടെ പോകണമെങ്കിലും അതിന് അനുമതി ചോദിക്കണോയെന്നാണ് പ്രിയങ്കാ ഗാന്ധി ചോദിക്കുന്നത്. പ്രിയങ്കയ്ക്ക് ചുറ്റും പോലീസുകാരുൾപ്പെടെ ഒരു കൂട്ടം പേർ നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മോഷണക്കേസിൽ പിടിയിലായ അരുൺ എന്നയാളാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ചോദ്യം ചെയ്യലിനിടെയാണ് ഇയാളുടെ ആരോഗ്യനില വഷളായത്.