14 തവണ വിദേശയാത്ര നടത്തി പിണറായി മുന്നില്‍; മന്ത്രിമാരുടെ പ്രിയസ്ഥലം യു.എ.ഇ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത്. മുഖ്യമന്ത്രിക്ക് തൊട്ട് പിന്നിലായി അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയാണ്. കഴിഞ്ഞ സര്‍ക്കാരില്‍ 2016 ആഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ ഔദ്യോഗികവും സ്വകാര്യവുമായ യാത്രകള്‍ അടക്കം 27 വിദേശ രാജ്യങ്ങളാണ് 17 മന്ത്രിമാര്‍ സന്ദര്‍ശിച്ചതെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

14 തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ യാത്ര നടത്തിയത്. ഇതില്‍ രണ്ട് സ്വകാര്യ യാത്രയും ബാക്കി ഔദ്യോഗിക യാത്രകളുമാണ്.മുഖ്യമന്ത്രി സ്വകാര്യ യാത്രക്കായി പറന്നതാകട്ടെ അമേരിക്കയിലേക്കും യു.എ.ഇയിലേക്കും. യു.എ.ഇ, യു.എസ്, ബഹറിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലണ്ട്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു മറ്റ് യാത്രകള്‍.

കഴിഞ്ഞ സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, യു.എസ്.എ, ബ്രിട്ടന്‍, കസാക്കിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

ഇവര്‍ക്ക് പുറമെ മുന്‍ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.ടി. ജലീല്‍, ടി.പി. രാമാകൃഷ്ണന്‍, കെ.കെ. ശൈലജ , ജെ. മേഴ്‌സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരന്‍, മാത്യൂ ടി. തോമസ്, കെ. രാജു, എ.കെ.ശശീന്ദ്രന്‍, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജന്‍, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരും വിദേശ യാത്ര നടത്തിയിരുന്നു.എന്നാല്‍ ഇവരില്‍ ഒരു വിദേശയാത്ര മാത്രം നടത്തിയവരാണ് തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യൂ ടി. തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍. ജി. സുധാകരന്‍, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവര്‍ രണ്ട് വിദേശയാത്രകളാണ് നടത്തിയത്.

ഇവര്‍ക്കിടയില്‍ സ്വകാര്യ യാത്രകള്‍ മാത്രം നടത്തിയ മന്ത്രിമാരും ഉണ്ട്. ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാന്‍, ശ്രീലങ്ക പോയ വി.എസ്. സുനില്‍കുമാര്‍.യു.എ.ഇ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വനം മന്ത്രിയായിരുന്ന കെ. രാജു.പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍ ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്ക് ഒറ്റ വിദേശ യാത്ര മാത്രം നടത്തിയവരാണ് സി. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും.

ഒരു വിദേശ യാത്രപോലും നടത്താത്തവരാണ് നിലവിലെ വൈദ്യുതി മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടി, മുന്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍, മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി എം.എല്‍.എ എന്നിവര്‍.

യു.എ.ഇ ആണ് വിദേശരാജ്യങ്ങളില്‍ മന്ത്രിമാര്‍ക്ക് പ്രിയപ്പെട്ട രാജ്യം. 28 തവണയാണ് മന്ത്രിമാര്‍ യു.എ.ഇ സന്ദര്‍ശിച്ചത്. അമേരിക്ക 12 തവണയും, ബ്രിട്ടന്‍ 9 തവണയും സന്ദര്‍ശിച്ചു.റഷ്യ, കസാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഇറ്റലി, തായ്‌ലന്‍ഡ്, വത്തിക്കാന്‍, സ്പെയിന്‍, സിംഗപ്പൂര്‍, ഫ്രാന്‍സ്, അയര്‍ലണ്ട്, മോഡോവ എന്നിവയാണ് മന്ത്രിമാര്‍ സന്ദര്‍ശിച്ച മറ്റ് രാജ്യങ്ങള്‍.

മന്ത്രിമാര്‍ക്കാകെ യാത്രാക്കൂലി ഇനത്തില്‍ ചെലവായ 53.68 ലക്ഷം രൂപയാണ് തിരിച്ച് ലഭിച്ചത്. ഇവരില്‍ ഏറ്റവും കൂടുതല്‍ തുക തിരികെ ലഭിച്ചത് കടകംപള്ളി സുരേന്ദ്രനാണ്, 14.65 ലക്ഷം. മുഖ്യമന്ത്രിയുടെ റീഇംബേഴ്‌സ്മെന്റ് തുക 9.65 ലക്ഷമാണ്.